75–ാം വയസ്സിൽ വിരമിക്കൽ അഭ്യൂഹം തള്ളി ഭാഗവത്

ന്യൂഡൽഹി ∙ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 75–ാം വയസ്സിൽ താനോ മറ്റാരെങ്കിലുമോ വിരമിക്കണമെന്നു താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു ഭാഗവത് പറഞ്ഞു. ‘നമുക്കു വേണമെങ്കിലും വേണ്ടെങ്കിലും സംഘത്തിൽനിന്ന് ഒരുജോലി നമ്മെ ഏൽപിക്കുന്നു.

എനിക്ക് 80 വയസ്സാണെങ്കിലും സംഘം ഒരു ശാഖ നടത്താൻ പറഞ്ഞാൽ അതു ചെയ്യേണ്ടി വരും. സംഘം ആഗ്രഹിച്ചാൽ ജോലി ചെയ്യാനോ വിരമിക്കാനോ ഞങ്ങൾ തയാറാണ്’. ആർഎസ്എസിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രഭാഷണപരമ്പരയുടെ ഒടുവിൽ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാടു വിശദീകരിച്ചത്.

നേതാക്കൾ 75 വയസ്സു തികയുമ്പോൾ പദവി ഒഴിയണമെന്ന തരത്തിൽ മോഹൻ ഭാഗവത് ഏതാനും മാസം മുൻപു പറഞ്ഞത് ചർച്ചയായിരുന്നു. ‘75 വയസ്സ് തികയുമ്പോൾ ഷാൾ പുതപ്പിച്ച് ആദരിച്ചാൽ അതിനർഥം നിങ്ങൾ പടിയിറങ്ങണമെന്നാണ്. മറ്റുള്ളവർക്കു വഴിമാറിക്കൊടുക്കേണ്ട സമയമായി’ എന്നായിരുന്നു നാഗ്പുരിൽ ജൂലൈയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞത്. സെപ്റ്റംബർ 17ന് 75 തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണു പരാമർശമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അടുത്ത മാസം 11നു മോഹൻ ഭാഗവതിനും 75 തികയും. ഈ സാഹചര്യത്തിൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

കുടുംബങ്ങളിൽ 3 കുട്ടികൾ വേണമെന്നും ഇത്തരത്തിലുള്ള കുടുംബത്തിലെ കുട്ടികൾ അഹന്ത ഒഴിവാക്കാനും പരസ്പരം മനസ്സിലാക്കാനും പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ശരിയായ പ്രായത്തിൽ വിവാഹം കഴിച്ചു 3 കുട്ടികളുണ്ടാകുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്നാണു ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. മൂന്നിൽതാഴെ പ്രത്യുൽപാദന നിരക്കുള്ള സമൂഹങ്ങൾക്കു പതുക്കെ വംശനാശം സംഭവിക്കുന്നതായി വിദഗ്ധർ പറയുന്നു’

മോഹൻ ഭാഗവത് വിശദീകരിച്ചു. എല്ലാ ഇന്ത്യൻ ഭാഷകളും ദേശീയ ഭാഷകളാണെന്നു പറഞ്ഞ ഭാഗവത്, എല്ലാ ഇന്ത്യക്കാരും 3 ഭാഷകളെങ്കിലും അറിഞ്ഞിരിക്കണമെന്നും പറഞ്ഞു. ആശയവിനിമയത്തിന് പൊതുഭാഷ വേണമെന്നും അദ്ദേഹം നിർദേശിച്ചു. അത് വിദേശഭാഷയാകരുത്. ഏതു ഭാഷയാണ് പൊതുവാകേണ്ടതെന്ന് എല്ലാവരും ചേർന്നു തീരുമാനിക്കണം. മാതൃഭാഷയും സംസ്ഥാനഭാഷയും പൊതുഭാഷയും എല്ലാ ഇന്ത്യക്കാരും പഠിക്കണം. ആർഎസ്എസ് ഇംഗ്ലിഷിന് എതിരല്ല. ഇംഗ്ലിഷ് പഠിക്കുന്നതിലും അപാകതയില്ല. വിദ്യാഭ്യാസമേഖലയിൽ എന്തെങ്കിലും അടിച്ചേൽപിക്കുന്നതിന് താൻ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന് ഇന്ത്യയിൽ എപ്പോഴും സ്ഥാനമുണ്ടെന്നു വ്യക്തമാക്കിയ ഭാഗവത്, ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്കു പിന്നിലെ പ്രധാന കാരണങ്ങൾ മതപരിവർത്തനവും അനധികൃത കുടിയേറ്റവുമാണെന്നു പറഞ്ഞു. മതം വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. പക്ഷേ നിർബന്ധിത മതപരിവർത്തനം തടയണം. അനധികൃത കുടിയേറ്റക്കാർക്ക് ജോലി നൽകരുത്. ജോലി നൽകേണ്ടത് മുസ്‌ലിംകൾ ഉൾപ്പെടെ രാജ്യത്തെ ജനങ്ങൾക്കാണ്. ആർഎസ്എസ് തീരുമാനങ്ങളെടുക്കുന്നതു ബിജെപിക്കു വേണ്ടിയല്ല. കേന്ദ്രസർക്കാരുമായി നല്ല ബന്ധത്തിലാണ്. ചില പ്രശ്നങ്ങളുണ്ടാകാമെങ്കിലും തർക്കങ്ങളില്ല.

ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സംവരണ നയങ്ങളെ ആർ‌എസ്‌എസ് പൂർണമായും പിന്തുണയ്ക്കുന്നു. ജാതി അതിക്രമങ്ങൾ ഇപ്പോഴും നടക്കുന്നു. കാലഹരണപ്പെട്ട എന്തും ഇല്ലാതാകും. ജാതിവ്യവസ്ഥ ഒരുകാലത്ത് ഉണ്ടായിരുന്നു, പക്ഷേ, ഇന്ന് അതിനു പ്രസക്തിയില്ലെന്ന് ആർഎസ്എസ് മേധാവി ചൂണ്ടിക്കാട്ടി. രണ്ടര മണിക്കൂറിലേറെ നീണ്ട ചോദ്യോത്തരവേളയിൽ നിർമിതബുദ്ധി, മനുസ്മൃതി, തീരുവ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കാശി, മഥുര: പിന്തുണയില്ലെന്ന് ആർഎസ്എസ്