പൂക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് പൂക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടയിലെ ജീവനക്കാരനായ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു.

നെടുമങ്ങാട് -കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്നേഹ ഫ്ളവര്‍ മാര്‍ട്ടില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്. പിച്ചി-മുല്ല പൂവ് വിറ്റതുമായി ബന്ധപ്പെട്ട് കടയുടമ രാജനുമായി തര്‍ക്കം ഉണ്ടായി. ഇതിനിടെ കുമാര്‍, അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ കടയുടമയായ രാജനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അനീസിന്റെ പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.