കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കൽസ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാൽ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.