കോയിപ്രത്ത് കൂടുതല്‍പേര്‍ ദമ്പതികളുടെ മര്‍ദ്ദനത്തിന് ഇരയായതായി സൂചന

പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലില്‍ യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്ന് സൂചന. കേസില്‍ കൂടുതല്‍ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സൈക്കോ മോഡലില്‍ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതല്‍ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രശ്മിയുടെ ഫോണില്‍ മര്‍ദനത്തിന്റെതടക്കം അഞ്ച് വീഡിയോ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രശ്മിയും മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിലുണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്നതും ഫോണിലുണ്ട്.

അതേസമയം, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസില്‍ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഹണിട്രാപ്പ് മോഡലില്‍ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലര്‍ പിന്നുകള്‍ ജനനേന്ദ്രിയത്തില്‍ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തില്‍ ഈ കൊടിയ മര്‍ദ്ദനം ഭര്‍ത്താവ് ജയേഷ് നടത്തിയത്.