പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ ധാരണയുണ്ട്; നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി

നിവേദനവുമായെത്തിയ വയോധികനെ മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയും, എന്ത് ചെയ്യാന്‍ കഴിയില്ല എന്നതില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഈ സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് ഭവനം ഉറപ്പാക്കാന്‍ മുന്നോട്ട് വന്നത് സന്തോഷമാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിപിഐഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ വിശദീകരണം. കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ താന്‍ കാരണം എങ്കിലും ഇപ്പോള്‍ വീട് വെച്ച് നല്കാന് ഇറങ്ങിയല്ലോയെന്ന് സുരേഷ് ?ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഭവന നിര്‍മ്മാണം സംസ്ഥാന വിഷയമാണ് ഒരാള്‍ക്ക് മാത്രമായി തീരുമാനമെടുക്കാന്‍ ആവില്ല. താന്‍ സിസ്റ്റത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് തെങ്ങ് വീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് വേലായുധന് അപേക്ഷയുമായി ചെന്നത്. എന്നാല്‍ അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തില്‍ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.