ഇനി ഖത്തറിനെ ആക്രമിക്കില്ല’, ഇസ്രയേൽ ഉറപ്പു നൽകിയെന്ന് ട്രംപ്

ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് 50 മിനുട്ട് മുമ്പ് ഈ വിവരം അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിയത്. ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസിന് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നും സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്‍റെ അവകാശം വിനിയോഗിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.