തിരുമല അനിലുമായി രണ്ടു ദിവസം മുൻപ് നേരിൽ കണ്ട് സംസാരിച്ചിരുന്നു; സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുമല ബിജെപി കൗൺസിലർ അനിൽ സഹായം അഭ്യർത്ഥിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടിരുന്നു. തന്നെ അനിൽ നേരിൽ കണ്ട് സംസാരിച്ചെന്ന് സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന കുറിപ്പ്.രണ്ടു ദിവസം മുൻപും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അനിൽ ഉണ്ടായിരുന്നത്. പാർട്ടി സഹായിക്കാമെന്നും ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അനിലിനോട് സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയതായാണ് വിവരം.
അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന പോസ്റ്റില്‍ ബിജെപി അണികളുടെ പ്രതിഷേധവും വിമര്‍ശനവും ഉയർന്നിരിക്കുകയാണ്. മരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്നും കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്‍റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ലെന്നുമാണ് വിമര്‍ശനം.
തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നു. അനിൽ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ 7 കോടിയിലധികം രൂപ വായ്പ നൽകി. വായ്പ കൊടുത്തവർ പലരും പണം തിരികെ നൽകിയില്ല. സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി. താൻ ഒറ്റപ്പെട്ടു… പാർട്ടി നേതൃത്വവും സഹായിച്ചില്ല.. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു