നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം; മോഹന്‍ലാല്‍

48 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ലഭിച്ചതെന്ന് നടന്‍ മോഹന്‍ലാല്‍. പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുരസ്‌കാര വിവരം പറയാന്‍ വിളിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തില്‍ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.

”നല്ല സിനിമകള്‍ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമര്‍ശനങ്ങളെ താന്‍ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കു ഇപ്പോള്‍ പരിമിതികള്‍ ഇല്ല. സിനിമ എന്നത് പാന്‍-ഇന്ത്യന്‍ ആയി, സംവിധാനം ചെയ്യണം എന്ന തോന്നല്‍ വന്നാല്‍ ഇനിയും ചെയ്തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാനാവില്ല, വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ് ഞാന്‍. നല്ല സിനിമകള്‍ ഉണ്ടാകട്ടെ,” എന്നും മോഹന്‍ലാല്‍ പറഞ്ഞു. ദൃശ്യം 3 ചിത്രീകരണം നാളെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 2023ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിത്തക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.