ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി;പ്രതിപക്ഷ നേതാവ്

തൃശൂർ: ഷാഫി പറമ്പിൽ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയിൽ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ പീച്ചിയിലെ ലാലീസ് ഹോട്ടലുടമയെയും ജീവനക്കാരെയും സന്ദർശിക്കാനെത്തിയതാണ് പ്രതിപക്ഷ നേതാവ്.
എറണാകുളത്തെ വിഷയം സിപിഎമ്മുകാർ തന്നെയാണ് പുറത്തുകൊടുത്തത്. അതിൽ കാണിക്കുന്ന ആവേശവും അതിൽ വെള്ളപൂശാൻ എടുക്കുന്ന ശ്രമമൊന്നും ഇക്കാര്യത്തിൽ ഇല്ല. പറവൂരിൽ എല്ലാവർക്കും എതിരെയാണ് കേസെടുക്കുന്നത്. കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ അധിക്ഷേപം ചൊരിഞ്ഞത് സിപിഎമ്മാണ്.
പൊതുയോഗങ്ങളിൽ സ്ത്രീകൾക്കും ആളുകൾക്കുമെതിരെ ഏറ്റവും കൂടുതൽ മോശമായി സംസാരിക്കുന്നത് സിപിഎം ആണ്. ഞങ്ങൾ ആരെങ്കിലും ഒരു പരാതി കൊടുത്താൽ അത് നിയമത്തിനനുസരിച്ച് വരില്ല. സിപിഎമ്മിന് ഒരു നിയമവും ബാക്കിയുള്ളവർക്ക് ഒരു നിയമവുമാണ്. സിപിഎമ്മിന്റെ രീതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആർക്കെതിരെ എന്തും പറയാനുള്ള കുറെ ആളുകളെ ഇറക്കി വിട്ടിരിക്കുകയാണ് സിപിഎം. സിപിഎം സുരേഷ് ബാബുവിനെതിരെ നടപടി എടുക്കുമോ ഇല്ലയോ എന്ന് നോക്കാമെന്നും വിഡി സതീശൻ പറഞ്ഞു.
ഷാഫിക്കെതിരെയുള്ള ആരോപണം
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.