എയിംസിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ല: പി. കെ. കൃഷ്ണദാസ്

എയിംസിൽ ബിജെപിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് പി. കെ. കൃഷ്ണദാസ്. എയിംസ് കേരളത്തിൽ വരേണ്ടത് ആവശ്യകതയാണ്. എവിടെ വരുമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

അതേസമയം എയിംസ് വിഷയത്തിൽ രാഷ്ട്രീയപ്പോര് തുടരുകയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തെ അവഗണിച്ച് ആലപ്പുഴയ്ക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വാദിച്ചു. വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടാണെന്നാണ് പ്രതികരണം. സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കെ. സി. വേണുഗോപാൽ എം.പിയും രംഗത്തുവന്നു.

ഇതിനിടെ എയിംസിനായി അവകാശവാദമുന്നയിച്ച് കൂടുതൽ ബിജെപി ജില്ലാ നേതൃത്വങ്ങൾ രംഗത്തെത്തി. തിരുവനന്തപുരത്ത് എയിംസ് വേണമെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു. എന്നാൽ ആലപ്പുഴയിൽ എയിംസ് പ്രഖ്യാപിക്കാൻ സുരേഷ് ഗോപി ആരെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ചോദ്യം.

എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.