നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ശക്തമാക്കി കോണ്‍ഗ്രസ്; സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തി മേല്‍ക്കൈ നേടണമെന്നും നിര്‍ദേശം.

സിറ്റിംഗ് സീറ്റുകളില്‍ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനായി മണ്ഡലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രചാരണം നല്‍കണം. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ ഇടപെടലിലൂടെ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം എംഎല്‍എമാര്‍ക്ക് നല്‍കിയത്. സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമിന്റെ സഹായം ലഭ്യമാക്കും. കനഗോലു ടീം കേരളത്തില്‍ കേന്ദ്രീകരിച്ച് പഠനം തുടരുകയാണ്.

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഇപ്പോഴും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തലവേദനയാണ്. കെപിസിസി, ഡിസിസി പുനഃസംഘടന അനന്തമായി നീളുന്നതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തതും സംഘടന പ്രവര്‍ത്തനത്തിനെ ബാധിച്ചിട്ടുണ്ട്.