കരൂര്‍ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കരൂര്‍ അപകടത്തില്‍ വിശദീകരണം തേടി കേന്ദ്ര ആഭ്യമന്ത്രാലയം. വിജയ്ക്ക് നല്‍കിയ സുരക്ഷയില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിആര്‍പിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തിപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അപകടം നടന്ന കരൂരില്‍ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുള്ളത്. വിജയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് അത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല തുടങ്ങിയ ചോദ്യങ്ങളും ആഭ്യന്തരമന്ത്രാലയം ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ കരൂര്‍ അപകടത്തില്‍ പ്രതിരോധത്തിലായ ടിവികെയെ കൂടുതല്‍ തലവേദനയുണ്ടാക്കുന്നതാണ് സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത. സിബിഐ അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരുമെന്നും പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടപ്പെടുമെന്നും തമിഴക വെട്രിക് കഴകം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പറയുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിലൂടെ ടിവികെയെ വരുതിയിലാക്കാന്‍ ബിജെപി ശ്രമിക്കുമെന്നാണ് എന്‍ ആനന്ദിന്റെ പക്ഷം. കോടതി തിരുമാനിക്കട്ടെയെന്ന നിലപാടിലാണ് വിജയ്.

അതേസമയം, വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി പി.എച്ച്. ദിനേശ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അപകടത്തിന് കാരണക്കാരന്‍ വിജയ് ആണെന്ന് ആരോപിച്ചുള്ള ഹര്‍ജി കോടതി നാളെ പരിഗണിക്കും. വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഡിഎംകെ നേതാക്കള്‍ ഉയര്‍ത്തിയെങ്കിലും തിരക്കിട്ട നീക്കം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് ബിജെപി നേതൃത്വം വിജയെ പിന്തുണയ്ക്കുന്നത് തുടരുകയാണ്.