ശബരിമലയെ സംരക്ഷിക്കാന്‍ ഹിന്ദു ഐക്യവേദിയുടെ നാമജപ പ്രതിഷേധം

തിരുവനന്തപുരം: ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാന്‍ ഹിന്ദു ഐക്യവേദി. മറ്റന്നാള്‍ മുതല്‍ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോര്‍ഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.
2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്‌പോണ്‍സര്‍ഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങള്‍ വിജിലന്‍സ് തേടി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.