ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന വിലയിരുത്തലില്‍ ദേവസ്വം വിജിലന്‍സ്

ശബരിമല ദ്വാരപാലക ശില്പ വിവാദത്തില്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ്. സ്വര്‍ണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലന്‍സ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ പാളികള്‍ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തല്‍. ട്വന്റിഫോര്‍ ബിഗ് ബ്രെയിക്കിങ്.
2019 ല്‍ ഉണ്ടായിരുന്ന സ്വര്‍ണപ്പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. ദേവസ്വത്തിലെ വിദഗ്ദ്ധരാണ് മാറ്റം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി വിജിലന്‍സ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്ക നിര്‍ണയ പരിശോധനകള്‍ക്കായിരിക്കും ദേവസ്വം വിജിലന്‍സ് ശുപാര്‍ശ നല്‍കുക. മാത്രമല്ല അന്വേഷണ സ്ഥിതി വിവര റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനും നീക്കമുണ്ട്. ഇന്ന് തന്നെ റിപ്പോര്‍ട്ട് കൈമാറിയേക്കുമെന്നാണ് സൂചന.
സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണത്തിന്റെ മൂല്യവും തൂക്കവും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ല.മഹസറില്‍ തിരുവാഭരണം കമ്മീഷണറും ദേവസ്വം സ്മിത്തും ഒപ്പിട്ടിട്ടില്ലെന്നും കണ്ടെത്തി.ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദാണ് മഹസര്‍ തയ്യാറാക്കിയത്. ദേവസ്വം സ്മിത്താണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടത്. 2019 ല്‍ ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൈമാറിയിരുന്നത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ തന്നെയായിരുന്നുവെന്നാണ് ദേവസ്വം ഉദ്യോഗസ്ഥന് നല്കിയ മൊഴി. അതിനുപിന്നാലെ വിജിലന്‍സ് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.