ഗാസ സമാധാന ഉച്ചകോടിക്ക് മുന്നോടിയായി ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി ; ‘Thank you trump’ എന്ന് എഴുതിയ ബാനർ ഉയർത്തി സ്വീകരിച്ച് ടെൽ അവിവ്

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പങ്കെടുക്കും. കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടി നടക്കുന്ന ഷാം അൽ ഷെയ്കിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.


എഴുപതിനായിരം പേരുടെ ജീവനെടുത്ത ഇസ്രയേൽ ഹമാസ് സംഘർഷത്തിന് വിരാമമിട്ട് ബന്ദി മോചനവും വെടിനിർത്തലും. സമാധാന കരാറിന്‍റെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. 2 വർഷമായി തടവിലായിരുന്ന ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്‍റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും.

പലസ്തീനി തടവുകാർ ബസുകളിൽ മോചന സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം, ഇസ്രയേൽ സൈന്യം പിന്മാറിയ ഗാസ സിറ്റിയിൽ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ഹമാസ് വിട്ടയക്കുന്നവരെ കാത്ത പ്രിയപ്പെട്ടവര്‍ ടെൽഅവീവില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഹമാസ് വിട്ടയച്ച ഏഴ് ഇസ്രയേൽ ബന്ദികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. റെഡ് ക്രോസ് സംഘമാണ് ബന്ദികളെ സ്വീകരിച്ചത്. സമാധാന നിമിഷം ആഘോഷമാക്കാൻ ട്രംപ് ഇസ്രയേലിൽ എത്തി. സമാധാനം ശാശ്വതമെന്ന് ട്രംപ് പ്രഖ്യാപിച്ചു.