മുഖ്യമന്ത്രി പിണറായി വിജയൻ ​ഗൾഫ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻ ​ഗൾഫ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. (Center approves CM pinarayi vijayan’s Gulf trip)

മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. അനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വരട്ടേ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ ഘട്ടത്തില്‍ അനുമതി നിഷേധിച്ചതായി കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി നേടിയിരിക്കുന്നത്. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പരിപാടി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.