തീവ്രവാദവും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേത് ; ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് ട്രംപ്

ടെൽ അവീവ്: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്. മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്‍റേയും മിഡിൽ ഈസ്റ്റിന്റെയും സുവർണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു.യുദ്ധങ്ങൾ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബർ ഏഴിലുണ്ടായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി.

ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്. പാര്‍ലമന്‍റിനെ അഭിസോബോധന ചെയ്തതിന് ശേഷം ട്രംപ് ബന്ദികളുടെ കുടുംബങ്ങളെയും സന്ദർശിക്കും. അതിനുശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പങ്കെടുക്കും. കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടി നടക്കുന്ന ഷാം അൽ ഷെയ്കിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.