‘വിദൂഷകരുടെ കൂട്ടത്തിലുള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ ; സിപിഎം അധഃപതിച്ചു : വി ഡി സതീശൻ

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരനെതിരായ സൈബർ ആക്രമണത്തിലും പാർട്ടിക്കുള്ളിലെ വിമർശനത്തിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സി പി എം അധപ്പതിച്ചെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹം നീതിമാനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിദൂഷകരുടെ കൂട്ടത്തിൽ ഉള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
നേരത്തെ മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍ രംഗത്തുവന്നിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബി ജെ പിയിൽ വിടാൻ ശ്രമിച്ചു. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം എസ് എഫ് ഐ കാലത്ത് ജി സുധാകരനുമായുണ്ടായ കൊമ്പുകോർക്കലിനെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പുമായി നേരത്തെ എ കെ ബാലൻ രംഗത്തെത്തിയതും ചർച്ചയായിരുന്നു. “എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എന്ന നിലയിൽ ജി സുധാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ മിക്കവാറും എല്ലാ പേജിലും ജി സുധാകരൻ എന്നുണ്ടായിരുന്നു. അതിനെയാണ് ഞാൻ വിമർശിച്ചത്. ലോകപ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ മാസ്റ്റർ പീസ് കൃതിയാണ് മാക്ബത്. അതിൽ എല്ലാ പേജിലും ബ്ലഡ് അല്ലെങ്കിൽ ബ്ലഡി എന്ന വാക്കുണ്ടാവും. ചുരുക്കത്തിൽ ബ്ലഡിന്റെ കഥ പറയുന്ന ഇതിഹാസ കൃതിയാണ് മാക്ബത്. ആ ബ്ലഡിന്റെയും ബ്ലഡിയുടെയും സ്ഥാനത്താണ് ഈ റിപ്പോർട്ടിലെ സുധാകരന്‍റെ സ്ഥാനം- അതിരുകടന്ന എന്‍റെ പ്രയോഗത്തിന് കയ്യടി കിട്ടി. ഒപ്പം സമ്മേളനം വീക്ഷിക്കാൻ വന്ന നേതാക്കളുടെ വിമർശനവും കിട്ടി. ചർച്ചയ്ക്ക് മറുപടി പറഞ്ഞ സുധാകരൻ മറുപടി പറഞ്ഞത് ലേഡി മാക്ബത്തിനെ ഉപയോഗപ്പെടുത്തിയായിരുന്നു. സുധാകരൻ പറഞ്ഞു, കണ്ണൂരിൽ നിന്നുള്ള പ്രതിനിധി എ കെ ബാലൻ ഇവിടെ ആടി തിമിർത്തത് ലേഡി മാക്ബത്തിന് സമാനമാണ്. കുറ്റബോധം കൊണ്ട് ലേഡി മാക്ബത് ഉറക്കത്തിൽ ഞെട്ടും. ബേസിനിൽ പോയി കൈ കഴുകും. അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങൾ കൊണ്ട് കഴുകിയാലും എന്‍റെ കയ്യിലെ രക്തക്കറ മാറില്ല. അങ്ങനെ പിറുപിറുക്കും. ലേഡി മാക്ബത്തിന്‍റെ ഉറക്കത്തിലെ നടത്തമാണ് ഇവിടെ ബാലൻ പ്രകടിപ്പിച്ചത്. ഇതിനെ സോംനാംബുലിസം എന്നാണ് പറയുന്നത് . അന്ന് സുധാകരൻ എം എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്നു. മറുപടിക്കും പ്രതിനിധികൾ കയ്യടിച്ചു.” കാലം തന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരൻ പഴയ ജി സുധാകരൻ തന്നെയാണ്, മാറ്റമില്ലെന്നും എ കെ ബാലൻ കുറിച്ചിരുന്നു.