സജിത വധക്കേസ്: പ്രതി ചെന്താമറയുടെ ശിക്ഷ വിധി മറ്റന്നാള്‍

പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പ്രതി ചെന്താമരയെ ഓണ്‍ലൈനായാണ് ഹാജരാക്കിയത്. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോര്‍ജ് മുമ്പാകെ വാദം പൂര്‍ത്തിയായി. വധശിക്ഷവേണമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊല നടത്തിയത് പ്രൊസിക്യൂഷന്‍ കോടതിയില്‍ സൂചിപ്പിച്ചു.

പരോള്‍ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും പ്രതിഭാ?ഗം വാദിച്ചു.

ചെന്താമര മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്നും പെറ്റി കേസും പോലുമില്ലാത്തയാളാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ഭാര്യയും മക്കളും തന്നെ വിട്ടുപോയതിന് കാരണം സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ പ്രതി ചെന്താമരയുടെ ഭാര്യ ഉള്‍പ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. കേസില്‍ നിര്‍ണായകമായത് സജിതയുടെ വീട്ടില്‍ കണ്ട ചെന്താമരയുടെ കാല്‍പാടുകളാണ്. സജിത കൊലക്കേസില്‍, ജാമ്യത്തിലിറങ്ങിയ ശേഷം ജനുവരിയിലാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, ഭര്‍തൃമാതാവ് ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്.