പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയുമായി മാനേജ്‌മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത് . സ്‌കൂള്‍ വിട്ട് വന്നയുടന്‍ യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അര്‍ജുന്‍ പഠിക്കുന്ന കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാര്‍ത്ഥികളും രംഗത്ത് എത്തി .

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടര്‍ന്ന് , സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു . ഒന്നര വര്‍ഷം ജയിലില്‍ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.