ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്;പിഎസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. തന്നെ പോറ്റിയുമായി കണക്ട് ചെയ്യേണ്ടതില്ലെന്നും അയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് പറഞ്ഞു.

ഉന്നതര്‍ പങ്കാളികളായുണ്ടെങ്കില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത്. എസ്‌ഐടി അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അവര്‍ ഉറപ്പായും സ്വര്‍ണം കണ്ടെത്തും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും.
കോടതിയുടെ നീരീക്ഷണത്തിലായതുകൊണ്ട് അത് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഭഗവാന്റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാന്‍ പാടില്ല. ഉന്നതര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അത് അന്വേഷണസമിതി കണ്ടെത്തും. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ ശരിയായ രീതിയില്‍ തന്നെ അന്വേഷണം പോകും. യഥാര്‍ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തുമെന്ന് ഉറപ്പുണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.