പിഎം ശ്രീ: വി. ശിവന്‍കുട്ടി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ വിഷയത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി ആര്‍ അനിലും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാര്‍. ധാരണാപത്രത്തില്‍ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആര്‍ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു. പദ്ധതിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി എല്ലാം കൃത്യം ആയി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണം.

അതിനിടെ പി.എം. ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ ഇന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ. ബേബിയെ കാണും. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതില്‍ എതിര്‍പ്പ് അറിയിച്ച് ഡി. രാജ എം. എ. ബേബിക്കയച്ച കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നേരില്‍ കണ്ട് സംസാരിക്കാമെന്നതാണ് ധാരണ. ഇന്ന് വൈകിട്ട് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായി. നയത്തില്‍ വിട്ടുവീഴ്ച ചെയ്തത് ന്യായീകരിക്കാന്‍ ആകില്ലെന്നും, ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്താന്‍ കഴിയുന്നതല്ല വിഷയമെന്നുമാണ് ദേശീയ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന നിലപാട്. പദ്ധതിയില്‍ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു രാഷ്ട്രീയ പരിഹാരം ഇല്ലെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പൊതുവികാരം.