വി എസ് സുജിത്തിനെതിരായ പോലീസ് അതിക്രമം : വി.എം. സുധീരൻ്റെ പരാതി ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം : കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനേരെയുള്ള പോലീസ് അതിക്രമങ്ങളെ കുറിച്ച് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.സുജിത്തിനെ സ്റ്റേഷനിൽ അർദ്ധവസ്ത്രധാരിയായ നിലയിൽ നിലത്ത് കിടത്തി മർദിക്കുകയും, പിന്നീട് ആശുപത്രിയിൽ പേരിന് മാത്രമായ പരിശോധനയ്ക്കുശേഷം ചികിത്സ നൽകാതെ തന്നെ വിട്ടയച്ചതായും സുധീരൻ പരാതിയിൽ പറഞ്ഞിരുന്നു.
അടുത്ത ദിവസം അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലല്ല, മറിച്ച് ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നും അവിടെ നടത്തിയ പരിശോധനയിൽ രക്തത്തിൽ ആൽക്കഹോൾ ഇല്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം കമ്മീഷീനെ അറിയിച്ചു.പോലീസിന്റെ പീഡനത്തെക്കുറിച്ചുള്ള തെളിവുകളായി പെൻഡ്രൈവ്യും സിഡിയും സുധീരൻ കമ്മീഷനിൽ സമർപ്പിച്ചിട്ടുണ്ട്. ഇവ വിവരാവകാശ നിയമം പ്രകാരം ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയുടെ ഉള്ളടക്കം പരിശോധിച്ച കമ്മീഷൻ വിഷയത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ വ്യക്തമായ സൂചനകൾ കാണുന്നുവെന്ന് വിലയിരുത്തി. ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ഇരുപത് ദിവസത്തിനകം സമർപ്പിക്കണമെന്ന് കേരള സംസ്ഥാന പോലീസ് മേധാവിയോട് നിർദേശിച്ചു.