പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും. പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കൽ വിദ്യാര്‍ത്ഥികളുടെയും 11 അംഗ സംഘമാണ് എത്തിയത്. ഇന്നലെ കണ്ണൂര്‍ ക്ലബിൽ താമസിച്ചതിന് ശേഷം ഇന്ന് ബീച്ചിൽ എത്തിയതായിരുന്നു. എട്ട് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് തിരയിൽപെട്ടത്. ആദ്യം രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുത്തത്. ഇയാളെ റോഡിലേക്ക് എത്തിച്ച സമയത്താണ് ആംബുലൻസ് സംവിധാനമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മൂവരുടെയും മരണം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.