ശബരിമല സ്വർണക്കൊള്ള ; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എസ്ഐടി. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി. അതേസമയം, മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയും പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി. കേസിൽ ആറാം പ്രതിയായ ശ്രീകുമാറിന്‍റെ മുൻകൂർ ജാമ്യപേക്ഷ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ കാലാവധി നീട്ടില്ല. പ്രസിഡന്‍റായ പിഎസ് പ്രശാന്തിന്‍റെയും അംഗം അജികുമാറിന്‍റെയും കാലാവധി ആറ് മാസം നീട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ശബരിമല മണ്ഡല മകരവിളക്ക് നടത്തിപ്പിന് മുന്‍പരിചയമുള്ള പ്രസിഡന്‍റും അംഗങ്ങളും ഉണ്ടാകുന്നതാണ് ഉചിതമെന്ന് കണ്ടാണ് ഈ ആലോചന നടത്തിയത്. നിലവിലെ ഭരണസമിതിയോട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് എതിരഭിപ്രായവുമില്ലായിരുന്നു. എന്നാൽ കാലാവധി നീട്ടാനുള്ള ഫയൽ ദേവസ്വം വകുപ്പ് നീക്കിയപ്പോള്‍ നിയമ വകുപ്പ് സംശയം ഉന്നയിച്ചു. കാലാവധി നീട്ടാനുള്ള ഓര്‍ഡിനൻസിൽ സ്വര്‍ണ്ണപ്പാളി മോഷണകേസും കോടതി പരാമര്‍ശങ്ങളും എല്ലാം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഉടക്കിട്ടാൽ വിവാദമാകും. തെരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടം നൽകേണ്ടതില്ലെന്ന് കണ്ടാണ് കാലാവധി നീട്ടാനുള്ള നീക്കം ഉപേക്ഷിച്ചത്. പകരം ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴയിൽ നിന്നുള്ള മുതിര്‍ന്ന നേതാവുമായ ടികെ ദേവകുമാറിനെ ബോര്‍ഡ് പ്രസിഡന്‍റാക്കുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. വിളപ്പിൽ രാധാകൃഷ്ണൻ സിപിഐ പ്രതിനിധിയായി ബോര്‍ഡ് അംഗമാകും.