19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്തയച്ചെന്ന് ശിവന്‍കുട്ടി

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അടൂര്‍ പ്രകാശ് എംപിയും ശശി തരൂര്‍ എംപിയും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഏറ്റെടുത്തു. നിര്‍ധന കുടുംബമായ ഇവര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ പുറത്തായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഹിമാലയന്‍ മണ്ടത്തരം കാണിച്ചിട്ട് സഹതാപ തരംഗത്തിന് പോയാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് മന്ത്രി ചോദിച്ചു. മത്സരിക്കാന്‍ വോട്ടര്‍പട്ടികയില്‍ പേര് വേണമെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി പ്രവര്‍ത്തകന്‍ അനില്‍ തിരുമല, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി എന്നിവരുടെ മരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി വിമര്‍ശനം ഉന്നിച്ചു. എന്താണ് ഈ മരണങ്ങള്‍ക്ക് കാരണം എന്നത് രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട രണ്ടുപേരുടെയും കുടുംബങ്ങള്‍ വല്ലാത്ത അവസ്ഥയിലാണ്. രണ്ട് കേസുകളിലും നിയമനടപടികള്‍ സ്വീകരിക്കും എന്നുള്ളതില്‍ തര്‍ക്കമില്ല. ബിജെപിയുടേത് ഒപ്പമുണ്ടായിരുന്നവരെ കുറ്റപ്പെടുത്തുന്ന നിലപാടാണെന്നും മന്ത്രി പറഞ്ഞു.