പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. അയോധ്യയിലെത്തിയ നരേന്ദ്ര മോദി സാകേത് കോളേജിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. അയോധ്യാധാം വരെയാണ് റോഡ് ഷോ നടക്കുക. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുക.

ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്

പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാ​ഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടക്കുന്നത്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.