ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 410 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വിതച്ച നാശം തുടരുന്നു. മരണസംഖ്യ 410 ആയി ഉയര്‍ന്നതായി അധികാരികള്‍ സ്ഥിരീകരിച്ചു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേരാണ് ഇപ്പോള്‍ കഴിയുന്നത്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും 20,271 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ, ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെ ഡിറ്റ് വാ ദുര്‍ബലമാകല്‍ ആരംഭിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ദുര്‍ബലമാകുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവില്‍ തുടരുന്നു. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.