‘രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചത് ; വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പിൽ എം പി

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഷാഫി പറമ്പിലും കൈവിട്ടിരിക്കുകയാണ്. രാഹുലിന് വ്യക്തിപരമായ പിന്തുണയല്ല നൽകിയത്. പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനൽ സ്വഭാവം ഉള്ള പരാതി രേഖ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.