കെ.സി. വേണുഗോപാലിന്റെ വെല്ലുവിളിക്ക് മറുപടി: കേരള എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംവാദത്തിന് താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വെല്ലുവിളിക്കാണ് മുഖ്യമന്ത്രി നേരിട്ടുള്ള മറുപടി നല്‍കിയത്. തീര്ചയായും തയ്യാറാണ്. സ്ഥലവും സമയവും നിശ്ചയിച്ചാല്‍ മതി എന്ന് കോഴിക്കോട് നടന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എംപിമാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണുഗോപാലിന് അറിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഞാന്‍ അത് പ്രത്യേകിച്ച് പറഞ്ഞ് വിശദീകരിക്കേണ്ട കാര്യമുണ്ടോ? എന്നും ചോദിച്ചു.

അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തെ ചൂഷണം ചെയ്ത് കേരളത്തിന്റെ റേഷന്‍ വിഹിതത്തെ ബാധിക്കുന്ന തരത്തില്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന ഗുരുതര ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തി. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എ.എ.വൈ കാര്‍ഡുകളും റദ്ദാക്കുമോ എന്ന നിഗൂഢ ഉദ്ദേശത്തോടെ ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആ സമയം സംസ്ഥാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്താനും കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്ന നിലപാട് എടുക്കാനും ചിലര്‍ ശ്രമിച്ചുവെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്. കേരളത്തെ ദ്രോഹിക്കുന്ന മനോഭാവത്തില്‍ നിന്നാണ് ഈ സമീപനം ഉണ്ടായത്, എന്നും അദ്ദേഹം ചേര്‍ത്തു.