തദ്ദേശതിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലും മികച്ച പോളിങ്; പ്രമുഖ നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി.
തിരുവനന്തപുരം ജില്ലയില്‍ പോളിങ് 29.23 ശതമാനത്തെത്തിയപ്പോള് കൊല്ലത്ത് 32.57 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ 31.37 ശതമാനം, ആലപ്പുഴയില്‍ 33.81 ശതമാനം, കോട്ടയത്ത് 31.88 ശതമാനം, ഇടുക്കിയില്‍ 33.33 ശതമാനം, എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് ഇതിനകം പോള്‍ ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 23.71 ശതമാനം വോട്ടുകളും കൊല്ലം കോര്‍പ്പറേഷനില്‍ 25.97 ശതമാനും കൊച്ചി കോര്‍പ്പറേഷനില്‍ 26.27 ശതമാനവും വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രാവിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി പി. രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, സിപിഎം ദേശീയ സെക്രട്ടറി എം.എ. ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം നേതാവ് ജി. സുധാകരന്, മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി പി. പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് എന്നിവരാണ് വോട്ട് ചെയ്യാന്‍ എത്തിയ പ്രമുഖര്‍.