ദിലീപിനെ പിന്തുണച്ച പ്രസ്താവന വിവാദമായതോടെ യു-ടേണ്‍; അതിജീവിതയ്ക്കൊപ്പമാണെന്ന് അടൂര്‍ പ്രകാശ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച നിലപാട് വിവാദമായതോടെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്. എന്നും അതിജീവിതക്ക് ഒപ്പമെന്ന് തിരുത്തല്‍. മാധ്യമങ്ങള്‍ നല്‍കിയത് ഒരു ഭാഗം മാത്രമെന്നും വിശദീകരണം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ കൂട്ടമായി കണ്‍വീനറുടെ നിലപാട് തള്ളിയതോടെയാണ് നിലപാട് മാറ്റിയത്.

നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ – അടൂര്‍ പ്രകാശ് പറഞ്ഞു.

ദിലീപിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശ് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. വിവാദമായതോടെ പ്രസ്താവന തിരുത്തിയെങ്കിലും അടൂര്‍ പ്രകാശിന്റെ പ്രതികരണം എല്‍ഡിഎഫ് ആയുധമാക്കി. അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ രാഷ്ട്രീയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വോട്ട് ചെയ്തശേഷം രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി നടന്‍
ദീലീപിനെ പിന്തുണച്ച് സംസാരിച്ചത്. പ്രതികരണം തിരിച്ചടിയാകുമെന്ന് മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വം പൊടുന്നനെ തന്നെ അടൂര്‍ പ്രകാശിനെ തളളി.