രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട കേസ്: രണ്ടാം പ്രതി ജോബി ജോസഫും മുന്‍കൂര്‍ ജാമ്യം തേടി

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബിയാണെന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചത്. പരാതിക്കാരി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് കൈമാറിയതെന്നും, മരുന്നിന്റെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ചാറ്റ് സന്ദേശങ്ങളും കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍, പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഹര്‍ജി ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ജില്ലാ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ഒരു ജനപ്രതിനിധിക്കെതിരെ ഗുരുതരമായ ലൈംഗിക പീഡനാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വസ്തുതകള്‍ പൂര്‍ണമായി പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. സമൂഹത്തിന് മാതൃകാപരമായി പെരുമാറേണ്ട സ്ഥാനത്തിരിക്കുന്ന ഒരു എംഎല്‍എക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.