മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്​റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്​റ്റേ ചെയ്ത് സുപ്രീംകോടതി.ഭൂമിയിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം, മുനമ്പം കമ്മീഷന്റെ പ്രവർത്തനം തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. കേസ് ആറാഴ്ച്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി.

മുനമ്പം ഭൂമി വഖഫ് ഭൂമി ആണോ അല്ലയോ എന്നത് കേരള ഹൈക്കാേടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജിയിലെ വിഷയമല്ലെന്നും പരിഗണനാവിഷയം മറികടന്നാണ് മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി വിധിച്ചതെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

എന്നാൽ ഹൈക്കോടതി ഉത്തരവിലെ മ​റ്റ് ഭാഗങ്ങൾക്ക് സ്​റ്റേ ബാധകമല്ല.മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടിയെടുത്തത്.