കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും: രാഹുല്‍ ഗാന്ധി

രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മഹാറാലി. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുഖ്ബീര്‍ സന്ധു, വിവേക് ജോഷി എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

ഈ പേരുകള്‍ ഓര്‍മ്മിക്കുക: സുഖ്ബീര്‍ സന്ധു, ഗ്യാനേഷ് കുമാര്‍, വിവേക് ജോഷി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി സഹകരിക്കുന്നു. നരേന്ദ്ര മോദി അവര്‍ക്കുവേണ്ടി നിയമം മാറ്റി, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. നിങ്ങള്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്ന് മറക്കരുത്, മോദിയുടെ ഇലക്ഷന്‍ കമ്മീഷണറല്ല. ഈ നിയമം ഞങ്ങള്‍ മാറ്റി നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കാരണം ഞങ്ങള്‍ സത്യത്തിനുവേണ്ടിയാണ് പോരാടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അഞ്ചു കോടിയിലധികം പേര്‍ ഒപ്പിട്ട വോട്ടു കൊള്ളയ്ക്കെതിരായ നിവേദനം കോണ്‍ഗ്രസ് ഉടന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. വോട്ട് കൊള്ളയ്ക്ക് എതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിവരെ എത്തണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു. ഇതിനിടയിലും കേരളത്തില്‍ എന്‍ഡിഎയെ തകര്‍ത്തെറിഞ്ഞ നേതൃത്വത്തിന് ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.