ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം

ന്യൂഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ജിതിന് പ്രസാദ ലോക്സഭയില്‍ നല്കിയ മറുപടിയില്‍ അറിയിച്ചു
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന് പ്രസാദ പറഞ്ഞു.
ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.