ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധവും അക്രമവും

ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധവും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യാവിരുദ്ധ നിലപാടുള്ള സംഘടനയായ ഇങ്ക്വിലാബ് മഞ്ചയുടെ യുവജന നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായി, അക്രമങ്ങളിലേക്കും നീങ്ങി.
പ്രതിഷേധത്തിനിടയില്‍ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനു നേരെ ആക്രമണമുണ്ടായി. അതേസമയം, പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രഥം അലോയുടെ ധാക്കയിലെ ഓഫീസും ആക്രമിക്കപ്പെട്ടു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചുതകര്‍ക്കുകയും പിന്നീട് തീയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്തേക്കു നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന നേതാവായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദി. മുഖം മൂടി ധരിച്ചെത്തിയ സംഘം ശിരസിന് നേരെ വെടിയുതിര്‍ത്ത് അദ്ദേഹത്തെ കൊലപ്പെടുത്തിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഹാദിയെ സിംഗപ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.