ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടിക്ക് തിരിച്ചടി, ഇഡി അന്വേഷണം നടത്തും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് കോടതി അനുമതി നല്കി. ഇഡിക്ക് ആവശ്യമായ രേഖകള്‍ കൈമാറണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ സമാന്തര അന്വേഷണം വേണ്ടെന്ന എസ്ഐടിയുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി എഫ്ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. എന്നാല്‍, മുഴുവന്‍ രേഖകളും കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി എതിര്‍പ്പ് അറിയിച്ചിരുന്നു.
കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും, സമാന്തര അന്വേഷണം ആവശ്യമില്ലെന്നതായിരുന്നു എസ്ഐടിയുടെ നിലപാട്. സമാന്തര അന്വേഷണം കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് തടസ്സമാകുമെന്നും എസ്ഐടിക്കായി പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ഇതിന് മറുപടിയായി, രേഖകള്‍ കൈമാറുന്നത് എങ്ങനെ എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കണമെന്ന് ഇഡി ചോദിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി, രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.