മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണം, ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം ; നിർദ്ദേശവുമായി പോലീസ്

ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന് നായര്‍ തുടക്കംകുറിച്ചു.
പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുണ്ട്.
ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം
പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.