കൈക്കുഞ്ഞുമായി വന്ന യാത്രക്കാരന് പൈലറ്റിന്റെ ക്രൂരമർദനം; എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി. നാല് മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനെയാണ് ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റ് ആക്രമിച്ചത്. സംഭവത്തെത്തുടർന്ന് പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് അന്വേഷണവിധേയമായി നീക്കം ചെയ്തു.

ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്‌ട്രോളറുമായി എത്തിയതിനാൽ ജീവനക്കാരുടെ നിർദേശപ്രകാരമാണ് അങ്കിതും കുടുംബവും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ വരി ഉപയോഗിച്ചത്. എന്നാൽ ഈ വരിയിൽ അതിക്രമിച്ചു കയറിയ പൈലറ്റ് അങ്കിതിനെ അധിക്ഷേപിക്കുകയും തർക്കത്തിനിടെ ക്രൂരമായി മർദിക്കുകയുമായിരുന്നു. പൈലറ്റിന്റെ മർദനത്തിൽ അങ്കിതിന്റെ മുഖത്ത് മുറിവേൽക്കുകയും രക്തം ഒലിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

തന്റെ ഏഴ് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചാണ് പൈലറ്റ് ആക്രമണം നടത്തിയതെന്നും കുട്ടി വലിയ മാനസികാഘാതത്തിലാണെന്നും അങ്കിത് പറഞ്ഞു. യാത്രക്കാരെ അധിക്ഷേപിക്കുന്നതും ആക്രമിക്കുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ പൈലറ്റിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു