സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ നടക്കുക. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മ​റ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമായിരിക്കും ചുമതല. നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അതിനാലാണ് ഞായറാഴ്ചയായിട്ടും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ നിശ്ചയിച്ചത്.

മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.ഏ​റ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം പ്രതിജ്ഞചൊല്ലുക. തുടർന്ന് മറ്റംഗങ്ങളും. സത്യപ്രതിജ്ഞ പൂർത്തിയാകുന്നതിന് പിന്നാലെ ആദ്യ ഭരണസമിതി യോഗവും നടക്കും.മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും.

മിക്കയിടങ്ങളിലും മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് സ്ഥാനങ്ങളിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. അധികം വൈകാതെതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ കോർപ്പറേഷൻ പോയിന്റ്,ആർ.ആർ ലാമ്പ് എന്നീ ഭാഗങ്ങളിൽ ആളിറക്കിയ ശേഷം വാഹനങ്ങൾ പബ്ലിക് ലൈബ്രറി – നന്ദാവനം റോഡിലും,മ്യൂസിയം- നന്ദാവനം റോഡിലും,എൽ.എം.എസ് – ജി.വി.രാജ റോഡിലും,ജി.വി.രാജ – വേൾഡ് വാർ റോഡിലും,പി.എം.ജി – ലാ കോളേജ് റോഡിലും,എസ്എം.സി – ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസമില്ലാതെ റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്യണം.ഗതാഗതത്തിരക്ക് കൂടുതൽ വരുന്ന സമയത്ത് ആവശ്യമെന്ന് കണ്ടാൽ വാഹനഗതാഗതം വഴി തിരിച്ച് വിടും. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം – വഴുതക്കാട് വഴിയും പാളയം ഭാഗത്തുനിന്ന് വെള്ളയമ്പലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പി.എം.ജി – നന്ദൻകോട് വഴിയും വഴി തിരിച്ച് വിടും.വിവരങ്ങൾക്ക്: 9497930055,04712558731.