യുഡിഎഫിലേക്കില്ല ; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും ; വാർത്ത തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ

യുഡിഎഫിലേക്കെന്ന വാർത്ത തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി യുഡിഎഫിലേക്ക് എത്തുമെന്നും അസോസിയേറ്റ് അം​ഗമാക്കാൻ ധാരണയായി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തെ തള്ളിയാണ് വിഷ്ണുപുരത്തിന്റെ വാർത്താ സമ്മേളനം. യുഡിഎഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കോണ​ഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. തന്റെ അപേക്ഷ പുറത്തുവിടാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണമെന്നും വിഷ്ണുപുരം ആവശ്യപ്പെട്ടു. നിലവിൽ എൻഡിഎ വൈസ് ചെയർമാനാണെന്നും വിഷ്ണുപുരം പറഞ്ഞു. എൻഡിഎയുമായി അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണുപുരം എൻഡിഎയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ടെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരി​ഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.