കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവ​ഗണിക്കുന്നു ; നിഷേധാത്മക നിലപാടിൽ കേരളം കേന്ദ്രസര്‍ക്കാരിന് കത്ത് നൽകിയിരുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്.

ഗ്യാരന്‍റിയും വായ്പയും രണ്ടാണെന്ന് 1999ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‍റെ വായ്പാ പരിധിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്നത്. കിഫ്ബിക്ക് നല്‍കുന്ന ഗ്യാരന്‍റിയെ സംസ്ഥാനത്തിന്‍റെ വായ്പയായി ബോധപൂര്‍വ്വം കണക്കാക്കുന്ന വികലമായ സമീപനത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വായ്പാ പരിധി വെട്ടിക്കുറവ്.

കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തി 2025 ഒക്ടോബര്‍ 9ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനു വിശദമായ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പല അപേക്ഷകളും തീരുമാനമാകാതെ കേന്ദ്രത്തിന്‍റെ പരിഗണനയില്‍ മാത്രമായി അവശേഷിക്കുകയാണ്. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.