തൃശൂര്‍ കോര്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന്; ഡെപ്യൂട്ടി മേയറായി എ. പ്രസാദ്

തൃശൂര്‍ കോര്പറേഷന് മേയറായി ഡോ. നിജി ജസ്റ്റിന്. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നാളെയാണ് തൃശൂരില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും തെരഞ്ഞെടുപ്പ് നടക്കുക. ഡിസിസി വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമാണ് ഡോ. നിജി ജസ്റ്റിന്. കിഴക്കുംപാട്ടുക്കര വാര്‍ഡില്‍ നിന്നാണ് ഇത്തവണ ഡോ. നിജി ജസ്റ്റിന് വിജയിച്ചത്.
കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് മേയര്‍ സ്ഥാനത്തേക്കുള്ള തീരുമാനം എടുത്തതെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു കൊണ്ടാണ് നിജി ജസ്റ്റിന് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചത്.
നാലുതവണ വീതം വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരന് എന്നിവരെ മാറ്റിനിര്‍ത്തിയാണ് പ്രമുഖ ഗൈനോക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിനെ മേയറായി പരിഗണിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
മേയര്‍-ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായതിന് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തര്‍ക്കങ്ങളൊന്നുമില്ലെന്നും, തര്‍ക്കമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും, തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പ് വൈകിയെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.