പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു

തിരുവനന്തപുരം: ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഡി മണി, ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുഗന് ആണെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ്ഐടി തിരിച്ചറിഞ്ഞു. വിഗ്രഹങ്ങള്‍ കടത്താന്‍ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.
കൂടാതെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. കേസ് ഏറ്റെടുക്കാന്‍ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയക്ക് മുന്നിലെത്തി. എം.ആര് അജയനാണ് ഹര്ജിക്കാരന്. എഡിജിപിമാരായ പി വിജയന്, എസ് ശ്രീജിത്ത്, ഐജി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഹര്‍ജി പരിഗണിച്ചപ്പോള്‍ കക്ഷിയോ, അഭിഭാഷകനോ ഹജരായില്ല. മാത്രമല്ല അവധിക്കാല ബഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലും ഇതേ ഹര്ജിക്കാരന് സമാനമായി കക്ഷിചേരാനും അപേക്ഷ നല്കി. അഭിഭാഷകന് ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനു ഹര്‍ജിക്കാരനായ എം ആര് അജയന് കോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് ജസ്റ്റിസ് പി എം മനോജ് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.