പ്രതിപക്ഷ പാര്‍ട്ടികള്‍ ദളിതരെ വോട്ട് ബാങ്കായി മാത്രം കാണുന്നു; യോഗി ആദിത്യ നാഥ്

ഇന്ത്യ മുന്നണിക്കെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദളിതരെ വോട്ട് ബാങ്കായി മാത്രം കാണുന്നു. ബംഗ്ലാദേശില്‍ ഹിന്ദു ദളിത് യുവാവിനെ കൊലപ്പെടുത്തിയിട്ടും വിഷയത്തില്‍ പ്രതിപക്ഷം നാവുകള്‍ അടച്ചു വെച്ചെന്ന് വിമര്‍ശനം. ഗസ്സയ്ക്ക് വേണ്ടി മെഴുകുതിരി മാര്‍ച്ചുകള്‍ നടത്തുകയും ഹിന്ദുക്കള്‍ക്ക് നേരെ നിശബ്ദതയിലിരിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കളിക്കുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് നിയമസഭാ പ്രസംഗത്തിനിടെയാണ് പരാമര്‍ശം. ഗസ്സയ്ക്ക് അവര്‍ പിന്തുണ നല്‍കുകയും അയല്‍രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളോട് അവര്‍ പ്രതികരണമില്ലാതിരിക്കുകയും ചെയ്യുന്നു. ക്രമസമാധാനപാലനത്തോടുള്ള ‘ബുള്‍ഡോസര്‍’ സമീപനത്തെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി ദേശവിരുദ്ധ ഘടകങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പും നല്കി.
ഇങ്ക്വിലാബ് മഞ്ച് പാര്‍ട്ടി നേതാവ് ഷെരീഫ് ഉസ്മാന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബം?ഗ്ലാദേശില്‍ വീണ്ടും കലാപം ഉയര്‍ന്നത്. ഈ മാസം 12ന് വെടിയേറ്റ ഷെരീഫ് ഉസ്മാന് ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ദീപുചന്ദ്ര ദാസ് എന്നയാളെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊല ചെയ്തിരുന്നു.