എന്‍. സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; മുഖ്യമന്ത്രി മറുപടി പറയണം – കെ.സി. വേണുഗോപാല്‍

ആഭ്യന്തര വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ബണ്‍ കോപ്പിയായി മാറിയെന്ന വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. കൊലക്കേസിലെ പ്രതിയെപ്പോലെ വീട്ടുവളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം, എന്‍. സുബ്രഹ്‌മണ്യന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കി.
കടകംപള്ളിയുടെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും പുതിയ ചിത്രം എഐ സൃഷ്ടിയാണോ എന്ന സംശയം ഉന്നയിച്ച വേണുഗോപാല്‍, അതേക്കുറിച്ച് മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നിയമപരമായ നടപടികളെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷയുള്ളതെന്നും, എന്‍. സുബ്രഹ്‌മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം നടപടികള്‍കൊണ്ട് സ്വര്‍ണക്കൊള്ള കേസ് മറച്ചുവെക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, മൊഴിയെടുക്കാനെന്ന പേരിലാണ് തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയതെന്ന് എന്‍. സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു. രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതായും, പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.