ശബരിമല സ്വർണക്കൊള്ള ; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിൽ ഹാജരായതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിൽ ഹാജരായതിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. പുറത്തുവന്ന വാര്ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ലെന്നും പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായിട്ടല്ല, പരസ്യമായിട്ടാണ് വന്നത്. ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ ഹൃദയ വിശാലത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ടെന്ന ആരോപണവും അദ്ദേഹം തള്ളി. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും പുറത്തുവിടാൻ കടകംപള്ളി വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽമണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്ന ആരോപണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ലെന്നും മുൻമന്ത്രി പറഞ്ഞു.