ഭരണം പിടിക്കാൻ സി പി ഐ എം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു, 50 ലക്ഷം കരുവന്നൂരിലെ തൊണ്ടിമുതൽ ആണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്; ഒ.ജെ ജനീഷ്

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജനീഷ്.
വടക്കാഞ്ചേരിയിൽ ജാഫർ മാഷിന് തെറ്റുപറ്റിയത് അല്ല എന്ന് വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം ആണ് പുറത്തുവന്നത്. കേരളത്തിനകത്താണ് സിപിഐഎം ഇത്തരമൊരു സമീപനം സ്വീകരിച്ചത്. അധികാരം തലയ്ക്കുപിടിച്ച സിപിഐഎം എവിടെയെത്തി നിൽക്കുന്നു എന്ന് ഇത് കാട്ടിത്തരുന്നു.
സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ അറിയാതെ ഉത്തരം ഒരു നീക്കം നടക്കില്ല. 50 ലക്ഷം രൂപ കരുവന്നൂരിലെ തൊണ്ടിമുതൽ ആണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സമാനമായ രീതിയിലാണ് മറ്റത്തൂരിൽ കോൺഗ്രസിന്റെ വിമതനെ എൽഡിഎഫ് പിടിച്ചു കൊണ്ടുപോയത്. ജാഫർ മാഷിന്റെയും ജാഫർ മാഷിനെ വിളിച്ചവരുടെയും ഫോണുകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും ഓ ജെ ജനീഷ് കുറ്റപ്പെടുത്തി.
തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.