രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന്; ഷാഫി പറമ്പിൽ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടിയിൽ നിന്ന് രാഹുലിനെ പുറത്താക്കിയതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല. എംപിമാർ മത്സരിക്കണമെന്ന നിർദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആന്റണി രാജുവിനെതിരായ കേസ് ഇനി ആരോപണമല്ല, കുറ്റം തെളിയിക്കപ്പെട്ടു.

ഒരു എംഎൽഎ മയക്കുമരുന്ന് കേസിൽ തെളിവ് നശിപ്പിക്കുന്നുവെന്നത് ഗൗരവതരമാണെന്നും ഇനിയെങ്കിലും നടപടിയെടുക്കാൻ ഇടതുമുന്നണി തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.തന്റെ അസാന്നിദ്ധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വലിയ മാനനഷ്ടം ഉണ്ടായി.

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. താനും ഭാര്യയും തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു